തിരു: പൊലീസ് ഭീകരതയില്‍ തലസ്ഥാനനഗരം വീണ്ടും വിറങ്ങലിച്ചു. ലാത്തിച്ചാര്‍ജ് ചെയ്തും ഗ്രനേഡെറിഞ്ഞും പൊലീസ് പരിക്കേല്‍പ്പിച്ച നൂറോളംപേര്‍ ആശുപത്രിയില്‍ . ഹോസ്റ്റലിലേക്ക് പോകവെ തലയ്ക്കടിച്ചുവീഴ്ത്തിയ യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥിനി ശരണ്യ ഗുരുതരാവസ്ഥയില്‍ . വിദ്യാഭ്യാസ കൊള്ളക്കെതിരായ പ്രക്ഷോഭത്തെയാണ് പൊലീസ് ബുധനാഴ്ചയും ചോരയില്‍ മുക്കിയത്. കോഴിക്കോട്ടും കോട്ടയത്തും പ്രതിഷേധപ്രകടനങ്ങള്‍ക്കുനേരെയും ലാത്തിച്ചാര്‍ജ് നടന്നു.
തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിനുമുമ്പില്‍ എസ്എഫ്ഐ മാര്‍ച്ചിനെയും നിയമസഭയ്ക്കുമുന്നില്‍ എഐവൈഎഫ് മാര്‍ച്ചിനെയുമാണ് പൊലീസ് ആസൂത്രിതമായി കടന്നാക്രമിച്ചത്. യൂണിവേഴ്സിറ്റി കോളേജിലേക്ക് ഇരച്ചുകയറിയ സായുധ പൊലീസ് സംഘം വിദ്യാര്‍ഥികള്‍ക്കുനേരെ 22 ഗ്രനേഡ് പൊട്ടിച്ചു. ഒറ്റപ്പെട്ടു പോയ വിദ്യാര്‍ഥികളെ പൊലീസുകാര്‍ കൂട്ടത്തോടെ വളഞ്ഞിട്ടു തല്ലി. പലരെയും തലയ്ക്കടിച്ചുവീഴ്ത്തി. ചോരയില്‍ കുളിച്ച് വീണുകിടന്നവരെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതുപോലും പൊലീസ് തടഞ്ഞു. സിറ്റി പൊലീസ് കമീഷണര്‍ മനോജ് എബ്രഹാം നേരിട്ട് അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. ആര്‍ രാജേഷ് എംഎല്‍എയെയും പൊലീസ് മര്‍ദിച്ചു. തലസ്ഥാനത്ത് ശത്രുസൈന്യത്തെയെന്ന പോലെയാണ് വിദ്യാര്‍ഥികളെയും യുവാക്കളെയും പൊലീസ് നേരിട്ടത്. നേരിയ പ്രകോപനം പോലുമില്ലാതിരുന്ന പ്രകടനത്തിനുനേരെ പൊലീസ് പൊടുന്നനെ ആക്രമണം തുടങ്ങുകയായിരുന്നു. കാല്‍നടയാത്രക്കാരെയും തല്ലി. ജലപീരങ്കി പ്രയോഗിച്ചും വിദ്യാര്‍ഥിനികളെയും വഴിയാത്രക്കാരെയും പിറകെ ഓടി അടിച്ചും ഗ്രനേഡ് എറിഞ്ഞും കണ്ണീര്‍വാതകം പ്രയോഗിച്ചും പൊലീസ് നഗരം യുദ്ധക്കളമാക്കി.
യൂണിവേഴ്സിറ്റി കോളേജിനു മുന്നില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് സെക്രട്ടറിയറ്റിനു മുന്നിലെത്തിയപ്പോഴേക്കും പൊലീസ് അടിതുടങ്ങി. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അടിയേറ്റു. സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടം അവസാനിപ്പിക്കണമെന്നും പൊതുവിദ്യാഭ്യാസത്തെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതരുതെന്നും പൊലീസിന്റെ വിദ്യാര്‍ഥിവേട്ട അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു എസ്എഫ്ഐ സെക്രട്ടറിയറ്റ് മാര്‍ച്ച്. സ്വാശ്രയക്കൊള്ളയ്ക്കെതിരെയായിരുന്നു എഐവൈഎഫ്-എഐഎസ്എഫ് നേതൃത്വത്തില്‍ നിയമസഭാമാര്‍ച്ച്. പരിക്കേറ്റവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്. പൊലീസ് ലാത്തിവീശി ഓടിച്ചപ്പോള്‍ വീണുപോയ ഇന്ത്യാവിഷന്‍ ക്യാമറാമാന്‍ എസ് സന്തോഷിനെ സായുധ പൊലീസ് വളഞ്ഞിട്ടുതല്ലി. ബുക്സ്റ്റാളില്‍ നിന്നിരുന്ന വിദ്യാര്‍ഥികളെയും പ്രാണരക്ഷാര്‍ഥം കടകളിലേക്ക് ഓടിക്കയറിയവരെയും അതതിടത്തിട്ടുതല്ലി. മിക്കവാറും പേര്‍ക്ക് തലയ്ക്കാണ് അടിയേറ്റത്. നിയമസഭക്കുമുന്നിലും സെക്രട്ടറിയറ്റിനുമുന്നിലും മണിക്കൂറുകളോളം പൊലീസ് താണ്ഡവമായിരുന്നു. എസ്എഫ്ഐ സംസ്ഥാനകമ്മിറ്റി അംഗം ആര്‍ രാജേഷ് എംഎല്‍എ, സംസ്ഥാന പ്രസിഡന്റ് കെ വി സുമേഷ്, വൈസ് പ്രസിഡന്റ് എ എ റഹീം, കേരള യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍ ലെനിന്‍ , ജില്ലാ പ്രസിഡന്റ് ബാലമുരളി തുടങ്ങി നിരവധിപേര്‍ക്ക് പരിക്കേറ്റു. ലാത്തിച്ചാര്‍ജിലും ഗ്രനേഡ് ആക്രമണത്തിലും തലയ്ക്കും കാലിനുമാണ് പലര്‍ക്കും പരിക്കേറ്റത്.
സെക്രട്ടറിയറ്റിനുമുന്നില്‍ സിറ്റി പൊലീസ് കമീഷണര്‍ മനോജ് എബ്രഹാമിന്റെയും ഡിസിപി ജോളി ചെറിയാന്റെയും നേതൃത്വത്തില്‍ അക്രമാസക്തരായ പൊലീസുകാര്‍ വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കുമ്പോള്‍ മറ്റൊരു സായുധ പൊലീസ് സംഘം യൂണിവേഴ്സിറ്റി കോളേജിനുള്ളില്‍ കയറി വിദ്യാര്‍ഥിനികളെയടക്കം ഓടിച്ചിട്ടുതല്ലി. ക്ലാസ് റൂമുകളിലേക്കടക്കം ഇരുപത്തിരണ്ടോളം ഗ്രനേഡുകള്‍ എറിഞ്ഞു. അധ്യാപകരും വിദ്യാര്‍ഥികളും ക്ലാസുകളില്‍നിന്നിറങ്ങിയോടി. പ്രസ്ക്ലബ് പരിസരത്തുനിന്നാരംഭിച്ച എഐവൈഎഫ്-എഐഎസ്എഫ് നിയമസഭാ മാര്‍ച്ച് യുദ്ധസ്മാരകത്തിനടുത്തുവച്ച് പൊലീസ് തടഞ്ഞു. മാര്‍ച്ചിന്റെ മുന്‍നിര ബാരിക്കേഡിനടുത്ത് എത്തിയ ഉടന്‍ പൊലീസ് ജലപീരങ്കിപ്രയോഗവും ലാത്തിച്ചാര്‍ജും ആരംഭിച്ചു. പിരിഞ്ഞുപോയ പ്രവര്‍ത്തകരെയും നേതാക്കളെയും വളഞ്ഞിട്ട് തല്ലി. വനിതാപ്രവര്‍ത്തകരെയും തല്ലിവീഴ്ത്തി.
പൊലീസ് ഭീകരതയില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡുകളും ഷെല്ലുകളും എറിഞ്ഞു. ഓടിയവരെ പിന്തുടര്‍ന്നുതല്ലി. വന്‍സ്ഫോടനത്തോടെ ചിന്നിച്ചിതറിയ ഗ്രനേഡുകളേറ്റ് പ്രവര്‍ത്തകര്‍ക്കും വഴിയാത്രക്കാര്‍ക്കും പരിക്കേറ്റു. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ജി ക്യഷ്ണപ്രസാദ്, എഐഎസ്എഫ് സംസ്ഥാനപ്രസിഡന്റ് പ്രദീപ്കുമാര്‍ , എ സാജന്‍ , ഉദയകുമാര്‍ , രമ്യ, ലേഖ എന്നിവരുള്‍പ്പെടെ നാല്‍പ്പതിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഡിസിപിമാരായ രാജ്പാല്‍ മീണ, അസി. കമീഷണര്‍ കൃഷ്ണന്‍നായര്‍ എന്നിവരും നരനായാട്ടിന് നേതൃത്വം നല്‍കി. വിദ്യാര്‍ഥികളെ പൊലീസ് ക്രൂരമായി തല്ലിച്ചതയ്ക്കുന്നതറിഞ്ഞ് കോടിയേരി ബാലകൃഷ്ണന്‍ , വൈക്കം വിശ്വന്‍ , ഇ പി ജയരാജന്‍ , എം എ ബേബി, സി പി നാരായണന്‍ , കടകംപള്ളി സുരേന്ദ്രന്‍ , വി ശിവന്‍കുട്ടി എംഎല്‍എ, പന്ന്യന്‍ രവീന്ദ്രന്‍ , കെ പി രാജേന്ദ്രന്‍ എന്നിവര്‍ സ്ഥലത്തെത്തി. ഇതോടെയാണ് പൊലീസ് പിന്തിരിഞ്ഞത്. ഡിവൈഎഫ്ഐ കോഴിക്കോട്ട് നടത്തിയ പ്രതിഷേധമാര്‍ച്ചിനുനേരെ നടന്ന ലാത്തിച്ചാര്‍ജില്‍ ജില്ലാപ്രസിഡന്റ് അഡ്വ. പി എ മുഹമ്മദ് റിയാസടക്കം നിരവധി പേര്‍ക്ക് സാരമായി പരിക്കേറ്റു. കോട്ടയത്ത് പ്രകടനം നടത്തിയ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകരെയാണ് പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തത്.
No comments:
Post a Comment