പ്രസിഡന്റ്‌ : ആര്‍. രാജേഷ്‌ (9605838180) സെക്രട്ടറി : ബിപിന്‍ സി ബാബു 9747207260

Friday, May 13, 2011

ആലപ്പുഴ ചുവന്നു


ആലപ്പുഴ: മണ്ഡലം പുനര്‍നിര്‍ണയത്തിനുശേഷം നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയില്‍ എല്‍ഡിഎഫ് ചരിത്രമെഴുതി. ഒമ്പതില്‍ ഏഴുസീറ്റും നേടി ജില്ലയുടെ ഇതഃപര്യന്തമുള്ള തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഉജ്വലമുന്നേറ്റമാണ് ഇടതുപക്ഷം നേടിയത്. ആറ് സിറ്റിങ് എംഎല്‍എമാരെയും വിജയിപ്പിച്ച ജില്ല ആലപ്പുഴയും മാവേലിക്കരയുംകൂടി നല്‍കി എല്‍ഡിഎഫിനെ ചരിത്രവിജയത്തിലേക്ക് നയിച്ചു. ആലപ്പുഴ, അമ്പലപ്പുഴ, അരൂര്‍ , ചേര്‍ത്തല, കുട്ടനാട്, കായംകുളം, മാവേലിക്കര മണ്ഡലങ്ങള്‍ എല്‍ഡിഎഫ് നേടിയപ്പോള്‍ ഹരിപ്പാടും ചെങ്ങന്നൂരുംകൊണ്ട് യുഡിഎഫിന് തൃപ്തിയടയേണ്ടിവന്നു. എല്‍ഡിഎഫില്‍ സിപിഐ എം അഞ്ച് സീറ്റിലും സിപിഐ, എന്‍സിപി എന്നിവ ഓരോസീറ്റിലും വിജയിച്ചു. യുഡിഎഫിന്റെ രണ്ട് സീറ്റും കോണ്‍ഗ്രസിനാണ്. പുതുമുഖങ്ങളില്‍ മാവേലിക്കരയിലെ സിപിഐ എം സ്ഥാനാര്‍ഥി ആര്‍ രാജേഷ് മാത്രമാണ് വിജയിച്ചത്. ജില്ലയില്‍ പോള്‍ചെയ്ത 12,12,527 വോട്ടില്‍ എല്‍ഡിഎഫ് 6,10,289 വോട്ട് നേടിയപ്പോള്‍ യുഡിഎഫ് 5,45,785 വോട്ടുകള്‍ നേടി. ബിജെപി 41,296 വോട്ടുകള്‍ നേടി. ആലപ്പുഴ, അമ്പലപ്പുഴ, അരൂര്‍ , ചേര്‍ത്തല, കുട്ടനാട് എന്നിവിടങ്ങളില്‍ ആകെ പോള്‍ചെയ്ത വോട്ടിന്റെ പകുതിയിലേറെയും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ നേടി.എല്‍ഡിഎഫ് സ്ഥാനാര്‍ഥികളില്‍ നാലുപേര്‍ക്ക് പതിനയ്യായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്. ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം ചേര്‍ത്തലയില്‍നിന്നുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി തിലോത്തമനാണ്-18,315. രണ്ടാമത് അരൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എം ആരിഫിന്-16,852. അമ്പലപ്പുഴയില്‍ വിജയിച്ച ജി സുധാകരന് 16,580 വോട്ടിന്റെയും ആലപ്പുഴയില്‍ വിജയിച്ച ഡോ. തോമസ് ഐസക്കിന് 16,342 വോട്ടിന്റെയും ഭൂരിപക്ഷമുണ്ട്. യുഡിഎഫില്‍ ചെങ്ങന്നൂരില്‍നിന്ന് വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി സി വിഷ്ണുനാഥിനാണ് ഉയര്‍ന്ന ഭൂരിപക്ഷം-12,500. ഹരിപ്പാട് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് 5520 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി, കേന്ദ്രമന്ത്രിമാരായ എ കെ ആന്റണി, വയലാര്‍ രവി, കെ സി വേണുഗോപാല്‍ തുടങ്ങിയവരൊക്കെ പ്രചാരണത്തിനെത്തിയിട്ടും ആലപ്പുഴയില്‍ യുഡിഎഫ് കിതച്ചുവീണു. പുന്നപ്ര-വയലാറിന്റെ രണസ്മരണകള്‍ ഇരമ്പിയാര്‍ക്കുന്ന ഈ ചുവന്നമണ്ണ് വീണ്ടും ചരിത്രമെഴുതി ഇടതുപക്ഷപ്രവര്‍ത്തകരെ ആവേശതുന്ദിലരാക്കി. 20 വര്‍ഷമായി യുഡിഎഫ് കൈയ്യടക്കിവച്ച മാവേലിക്കരയും 15 വര്‍ഷമായി ആധിപത്യം സ്ഥാപിച്ച ആലപ്പുഴയും എല്‍ഡിഎഫ് തേരോട്ടത്തില്‍ തകര്‍ന്നുവീണതും ചരിത്രമായി. ചേര്‍ത്തലയില്‍ കെ ആര്‍ ഗൗരിയമ്മയുടെ തോല്‍വിയും അരൂരില്‍ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂറിന്റെ പരാജയവും യുഡിഎഫിന് കനത്ത ആഘാതമായി. കായംകുളത്ത് സിറ്റിങ് എംഎല്‍എമാര്‍ ഏറ്റുമുട്ടിയപ്പോള്‍ മാവേലിക്കരയില്‍നിന്ന് ചേക്കേറിയ കോണ്‍ഗ്രസ് നേതാവ് എം മുരളി അടിയറവുപറഞ്ഞു. സിറ്റിങ് എംഎല്‍എമാര്‍ ഏറ്റുമുട്ടിയ മറ്റൊരു മണ്ഡലമാണ് അരൂര്‍ . അവിടെയാണ് സിപിഐ എമ്മിന്റെ യുവസാരഥി എ എം ആരിഫിനുമുന്നില്‍ ഷുക്കൂര്‍ പരാജയത്തിന്റെ കയ്പുനീര്‍ കുടിച്ചത്. 1957ല്‍ 14ല്‍ ഒമ്പതും "87ല്‍ 11ല്‍ ഏഴും സീറ്റുകള്‍ നേടിയതാണ് മുമ്പ് ഇടതുപക്ഷത്തിന്റെ ത്രസിപ്പിക്കുന്ന വിജയങ്ങള്‍ . ഇവയെ അപ്രസക്തമാക്കിയാണ് ഇപ്പോള്‍ ഒമ്പതില്‍ ഏഴുംനേടി എല്‍ഡിഎഫ് ജില്ലയില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയത്. മണ്ഡലം പുനര്‍നിര്‍ണയത്തിനുശേഷം 2009ല്‍ നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ഒമ്പത് നിയമസഭാ മണ്ഡലങ്ങളില്‍ മാവേലിക്കരയില്‍ മാത്രമായിരുന്നു എല്‍ഡിഎഫ് നേരിയ ഭൂരിപക്ഷം നേടിയത്-696 വോട്ട്. അന്ന് എല്‍ഡിഎഫിനെക്കാള്‍ യുഡിഎഫിന് 71,959 വോട്ടിന്റെ ലീഡുണ്ടായിരുന്നു. പഞ്ചായത്ത്-മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും എല്‍ഡിഎഫിന്റെ ലീഡ് ആറ് മണ്ഡലങ്ങളിലേക്കായി ഉയര്‍ന്നു. അരൂര്‍ , ചേര്‍ത്തല, ആലപ്പുഴ, കുട്ടനാട്, കായംകുളം, മാവേലിക്കര എന്നിവയാണ് അന്ന് എല്‍ഡിഎഫ് ലീഡ് നേടിയത്. അമ്പലപ്പുഴ, ഹരിപ്പാട്, ചെങ്ങന്നൂര്‍ മണ്ഡലങ്ങളില്‍ യുഡിഎഫിനായിരുന്നു ലീഡ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എല്‍ഡിഎഫ് 7952 വോട്ടുകള്‍ക്ക് മുന്നിലെത്തുകയും ചെയ്തു. ഈ നില മെച്ചപ്പെടുത്തുകയും മേല്‍ക്കൈ നേടിയ മണ്ഡലങ്ങളുടെ എണ്ണം ഏഴാക്കി ഉയര്‍ത്തുകയും ചെയ്ത എല്‍ഡിഎഫ് യുഡിഎഫിനെക്കാള്‍ 64,504 വോട്ട് കൂടുതല്‍ നേടുകയുംചെയ്തു. മൊത്തം പോള്‍ചെയ്ത വോട്ടില്‍ എല്‍ഡിഎഫ് 50.08 ശതമാനവും യുഡിഎഫ് 44.78 ശതമാനവും വോട്ടുകള്‍ നേടി. 5.3 ശതമാനംവോട്ട് എല്‍ഡിഎഫിന് കൂടുതലായി നേടാന്‍ കഴിഞ്ഞു. ഒമ്പത് മണ്ഡലങ്ങളിലും മത്സരിച്ച ബിജെപിക്ക് 41,296 വോട്ടുകള്‍ നേടാനേ കഴിഞ്ഞുള്ളു. ശതമാനക്കണക്കില്‍ 3.40.


1 comment: